Kerala
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തിൽ.
പ്രിയപ്പെട്ട വിദ്യാർഥിനികളേ, സഹോദരീസഹോദരന്മാരേ, എല്ലാവർക്കും എന്റെ നമസ്കാരം... എന്ന അഭിസംബോധനയോടെയായിരുന്നു പ്രസംഗം ആരംഭിച്ചത്.
എഴുതി തയാറാക്കിയ പ്രസംഗം അവസാനിപ്പിച്ചപ്പോൾ, എല്ലാവർക്കും എന്റെ ആശംസകൾ... എന്നും രാഷ്ട്രപതി പറഞ്ഞു.
നിറഞ്ഞ കൈയടികളോടെയാണു വേദിയും സദസും രാഷ്ട്രപതിയുടെ മലയാളം അഭിസംബോധനയും ആശംസയും സ്വീകരിച്ചത്.
ചടങ്ങിനുമുന്നോടിയായി കോളജിലെ വിദ്യാര്‍ഥി പ്രതിനിധികൾക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമൊപ്പം രാഷ്ട്രപതി ഫോട്ടോ സെഷനിലും പങ്കെടുത്തു.
Kerala
കൊച്ചി: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേയ്ക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിയത്.ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി.
ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.
Kerala
കൊച്ചി: കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നാവിക വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ വി.എസ്.എം ഉപുൽ കുണ്ഡു, ഹാരിസ് ബീരാൻ എംപി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരം കനത്ത പോലീസ് വലയത്തിലാണ്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത രാഷ്ടപതി മൂന്ന് ദിവസത്തെ സന്ദർശം പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങും.
നാവിക സേന ഹെലിപ്പാഡില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം അവിടെ നിന്നുമാണ് ഡൽഹിക്ക് മടങ്ങുന്നത്.
Kerala
പാലാ: കേരളത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാകാൻ പ്രാപ്തമാക്കിയത് സാക്ഷരതയും വിദ്യാഭ്യാസവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വികസനത്തിന്റെയും വളർച്ചയുടെയും അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാലാ സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വർഷമായി കോളജ് ഈ പ്രശംസനീയമായ ലക്ഷ്യം നിറവേറ്റുന്നുവെന്നും കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനസമ്മേളത്തില്‍ രാഷ്ട്രപതി പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ കോളജ് തുടർന്നും പങ്കുവഹിക്കുമെന്നും അതുവഴി 2047 ആകുമ്പോഴേക്കും കൂടുതൽ നീതിയുക്തമായ ഒരു സമൂഹവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുമെന്നും തനിക്ക് ഉറപ്പുണ്ട്. വിദ്യാഭ്യാസമില്ലാത്ത ഒരു പ്രദേശം ഇരുണ്ട പ്രദേശമായി തുടരും.
വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിഗതവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതിൽ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നു. സമഗ്ര വിദ്യാഭ്യാസം സാർവത്രിക അനുകമ്പയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. ഈ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിന് താൻ കോളജിനെ അഭിനന്ദിക്കുന്നു.
ഏഴര പതിറ്റാണ്ടായി നാടിനു വിജ്ഞാനവെളിച്ചവും ധാര്‍മികബോധനവും പകരുന്ന കുലീന കലാലയമാണു പാലാ സെന്റ് തോമസ് കോളജ്. കോളജിന്റെ എംബ്ലത്തില്‍ എഴുതിയിരിക്കുന്ന ജീവിതം, പ്രകാശം, സ്നേഹം എന്നി വാക്കുകള്‍ മാനുഷികമൂല്യങ്ങളെ സ്ഫുരിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തു മാത്രമല്ല രാജ്യത്തിന്റെ കായിക മുന്നേറ്റത്തിനും മറ്റ് തലങ്ങളിലും സെന്റ് തോമസ് കോളജ് ഈടുറ്റ സംഭാവന നല്‍കിയതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വോളിബോള്‍ ഇതിഹാസവും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥിയുമായ ജിമ്മി ജോര്‍ജിന്റെ കായികനേട്ടത്തെ പുതിയ തലമുറ മാതൃകയാക്കണം. വേറെയും ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈ കോളജിന്റെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെപ്പോലുള്ള നിയമജ്ഞരും കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും നയതന്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോഗസ്ഥപ്രമുഖരും ഇവിടെ പഠിച്ചവരില്‍പ്പെടുന്നു. ധാര്‍മികതയും സാഹോദര്യവും ദേശസ്നേഹവും പ്രസരിപ്പിക്കുന്ന അധ്യാപനത്തിലൂടെ നാടിന് വിശിഷ്ടവ്യക്തിത്വങ്ങളെ സമ്മാനിക്കാന്‍ കോളജിനു കഴിഞ്ഞു. കെ.ആർ നാരായണൻ കോട്ടയത്തിന്റെ മകനായിരുന്നു. എളിയ തുടക്കത്തിൽനിന്നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവർത്തനങ്ങളുടെ മഹത്തായ അധ്യായങ്ങൾക്ക് കോട്ടയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടു മുന്‍പ് നടന്ന വൈക്കം സത്യഗ്രഹം ഇതിനു പ്രധാന തെളിവാണ്. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ ആദ്യകാല അച്ചടിശാലകളിൽ ഒന്നുമായ അച്ചടിശാല കോട്ടയത്താണ് സ്ഥാപിതമായത്. വായിച്ചു വളരുകയെന്ന മുദ്രാവാക്യത്തോടെ സാക്ഷരകേരള മുന്നേറ്റത്തിനും ഗ്രന്ഥശാലാപ്രസ്ഥാനത്തിനും നായകത്വം വഹിച്ച പി.എന്‍. പണിക്കരുടെ നാടാണു കോട്ടയമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
ബിഷപ് വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ ജോര്‍ജ് കുര്യന്, മന്ത്രി വി.എന്‍. വാസവന്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രിയും പൂര്‍വവിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന്, എംപിമാ രായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. രാഷ്ട്രപതി, ഗവര്‍ണര്‍, ജോര്‍ജ് കുര്യന് എന്നിവര്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണ്. രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആർ. നാരായണൻ നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആർ. നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആർ. നാരായണൻ ഇന്ത്യക്കു വേണ്ടി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.
രാജ്യത്തിന്റെയും മനുഷ്യന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സാധാരണ ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിനായി പ്രവർത്തിച്ച അദ്ദേഹം ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാർമികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിൽ എന്നും മാർഗദീപമാകും. രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്നേഹാദരവ് അദ്ദേഹത്തിനു നൽകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
മുൻ രാഷ്ട്രപതിമാരുടെ ഓർമ നിലനിർത്തുന്നതിനുള്ള ഈ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്നതിന് നേതൃത്വം നൽകിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി നന്ദി അറിയിച്ചു. കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രസംഗിച്ചു. ഗവർണറുടെ പത്നി അനഘ അർലേക്കർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ആന്റണി രാജു എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് കെ.ആർ. നാരായണന്റെ മൂന്നടി ഉയരമുള്ള അർധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് പ്രതിമയുടെ രൂപകല്പന ചെയ്തത്.
Kerala
ശിവഗിരി: എല്ലാ മനുഷ്യരും ഒരേ സത്തയാണ് പങ്കിടുന്നതെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകം അഭിമുഖീകരിക്കുന്ന സംഘർഷങ്ങൾക്കുള്ള മാർഗനിർദേശമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ഏവരെയും മാന്യമായി കാണാനും നിസ്വാർഥമായി സേവിക്കാനും ഓരോരുത്തരിലും ദൈവികത കാണാനുമുള്ള ഗുരുവിന്റെ ആഹ്വാനം കാലാതീതമായ ആശയങ്ങളാണെന്നും രാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണഗുരു സമാധിയായതിന്റെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന മഹാപരിനിർവാണ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ശിവഗിരി തീർഥാടന ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയാരുന്നു രാഷ്ട്രപതി. ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമാണ് നാരായണഗുരു.
അദ്ദേഹം തന്റെ ആത്മീയ അടിത്തറ സൃഷ്ടിച്ചതും സമാധി നേടിയതും ഇവിടെയാണ്. സമത്വം, ഐക്യം, മാനവികസ്നേഹം എന്നിവയിൽ വിശ്വസിക്കാൻ പ്രചോദിപ്പിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശക്തമായ സന്ദേശം നൽകി. ഗുരുവിന്റെ പ്രബോധനം മതം, ജാതി എന്നിവയുടെ അതിരുകൾക്കപ്പുറമായിരുന്നു.
അന്ധവിശ്വാസത്തിൽനിന്നല്ല, അറിവിൽനിന്നും കാരുണ്യത്തിൽനിന്നുമാണ് മോചനമെന്ന് അദ്ദേഹം വിശ്വസിച്ചു. ലാളിത്യം, സാർവത്രിക സ്നേഹം എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. ഇതിനായി കാലാതീതമായ ആശയങ്ങളാണ് അദേഹം പങ്കുവച്ചത്. ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ’എന്ന സന്ദേശത്തിലൂടെ ലോകം ഏവരും സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു പൂന്തോട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തിന്റെയും ധാർമിക ഉന്നമനത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച നിരവധി ക്ഷേത്രങ്ങൾ, സ്കൂളുകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവ ഗുരു സ്ഥാപിച്ചു. ഇവയിലൂടെ അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കിടയിൽ സാക്ഷരത, സ്വാശ്രയത്വം, ധാർമിക മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചു.
മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ വാക്യങ്ങൾ ലാളിതമായി ദാർശനിക ഉൾക്കാഴ്ചകൾ പകർന്നു.
ശ്രീനാരായണ ധർമ സംഘം അധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരും പ്രസംഗിച്ചു.
വേദിയിൽ ശ്രീനാരായണ ധർമ സംഘം ഭാരവാഹികൾ രാഷ്ട്രപതിക്ക് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സമ്മാനിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ, അടൂർ പ്രകാശ് എംപി, വി. ജോയി എംഎൽഎ, മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ, ശ്രീനാരായണ ധർമ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ പന്ത്രണ്ടോടെ വർക്കല പാപനാശം ഹെലിപാഡിൽ എത്തിയ രാഷ്ട്രപതി കാർമാർഗം ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരു മഹാസമാധിയിൽ പ്രണാമം അർപ്പിച്ചതിനുശേഷമായിരുന്നു വേദിയിലെത്തിയത്.
Kerala
കൊച്ചി: നാലു ദിവസത്തെ കേരളസന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഡല്‍ഹിക്കു മടങ്ങും.
രാവിലെ 11.55ന് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 1.20ന് നാവികസേന ഹെലിപ്പാഡില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 1.55ന് ഡല്‍ഹിക്കു മടങ്ങും.
Kerala
കൊച്ചി: നൂറു വയസ് തികഞ്ഞ കൊച്ചിയിലെ സെന്റ് തെരേസാസ് കോളജിൽ ഇന്നു ശതാബ്ദി സമ്മേളനം. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായെത്തുന്ന പ്രൗഢമായ ആഘോഷങ്ങളുടെ നിറവിലാണ് ഈ വനിതാ കോളജ്.
രാവിലെ 11.30ന് കൊച്ചി നാവികസേന ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതിക്ക് ഉച്ചയ്ക്ക് 12ന് കോളജിൽ ഊഷ്മളമായ വരവേല്പ് നൽകും. സമ്മേളനത്തിൽ കോളജിന്റെ ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, വി.എന്‍. വാസവന്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാഷ്ട്രപതിക്ക് രാജ്യത്തിന്റെ സാംസ്കാരികപൈതൃകം വിളിച്ചോതുന്ന അഞ്ച് ഉപഹാരങ്ങള്‍ കോളജ് അധികൃതർ സമ്മാനിക്കും.
കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്യാസിനീ സമൂഹം 1925ലാണ് സെന്റ് തെരേസാസ് കോളജ് സ്ഥാപിച്ചത്. പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമാണിതെന്ന് ഡയറക്ടർ സിസ്റ്റർ ടെസ പറഞ്ഞു.
Kerala
പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആലത്തൂര്‍ ഡിവൈഎസ്പി ആര്.മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും തൊഴാന്‍ ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നുമുള്ള ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇത് പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകിലെന്നുമാണ് സ്റ്റാറ്റസ്.
യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ 18 -ാം പടി കയറിയും പലവിധ ആചാര ലംഘനങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല.
ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോള്‍ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ് എന്നായിരുന്നു ഡിവൈഎസ്പിയുടെ പോസ്റ്റ്.
അതേ സമയം ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.
Kerala
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ പാലായും കോട്ടയവും കുമരകവും അണിഞ്ഞൊരുങ്ങുന്നു. മൂന്നിടങ്ങളിലും റോഡിലെ കുഴിയടയ്ക്കല്‍, പുല്ലുവെട്ട്, വൈദ്യുതി അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നു.
കോട്ടയം നഗരത്തിന്റെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ റോഡുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതം തടസം രൂക്ഷമായി. ശിവഗിരിയില്‍ നിന്ന് 23ന് ഉച്ചകഴിഞ്ഞു 3.45ന് രാഷ്ട്രപതി ഹെലികോപ്ടറില്‍ പാലായിലെത്തും.
സെന്റ് തോമസ് കോളജിലെ ബിഷപ് വയലില്‍ ഹാളിലാണ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് കോളജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാലായില്‍നിന്ന് 5.30ന് ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഇറങ്ങി റോഡ് മാര്‍ഗമാണ് രാഷ്ട്രപതി കുമരകം താജ് ഹോട്ടലിലെത്തി അന്നു രാത്രി അവിടെ തങ്ങുന്നത്.
കോണത്താറ്റ് പാലത്തിനു സമീപം നിലവിലുള്ള താത്കാലിക റോഡില്‍ തറ ഓടുകള്‍ പാകുന്നതിനുള്ള ജോലിയാണ് റോഡിന്റെ കാര്യത്തില്‍ ചെയ്യുന്നത്. കോണത്താറ്റ് പാലത്തിലൂടെ രാഷ്ട്രപതിയുടെ കാര്‍ പോകുന്നതിനു സുരക്ഷാ പ്രശ്നം ഉണ്ടെങ്കില്‍ ഉപയോഗിക്കുന്നതിനാണു താല്‍ക്കാലിക റോഡ് നന്നാക്കുന്നുണ്ട്.
റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡ് കുഴികള്‍ അടച്ചുവരികയാണ്. 24ന് രാവിലെ 10ന് കുമരകത്തു നിന്നും റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും മടങ്ങും.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.
Kerala
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങുന്നു. ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി 22നു കേരളത്തിലെത്തും.
കോട്ടയത്ത് എത്തുമ്പോള്‍ കുമരകത്തായിരിക്കും താമസം. കുമരകം ടാജ് ഹോട്ടലാണു പ്രഥമ പരിഗണനയിലുള്ളത്. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 23നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തി റോഡ് മാര്‍ഗം കുമരകത്തേക്കും ഹെലികോപ്റ്ററില്‍ പാലായിലേക്കും പോകും. പാലാ സെന്റ് തോമസ് കോളജിനു മുന്നിലെ മൈതാനത്തോ പ്രധാന ഗ്രൗണ്ടിലോ ഹെലികോപ്ടര്‍ ഇറങ്ങും.
രാഷ്ട്രപതി ഭവനില്‍നിന്നുള്ള സുരക്ഷാ പ്രതിനിധികള്‍ അടുത്തയാഴ്ച കോട്ടയത്തെത്തും. ജില്ലാതലത്തില്‍ പോലീസ് ഇതിനായി ഒന്നിലേറെ യോഗങ്ങള്‍ നടത്തും. പോലീസ്, ഫയര്‍, ആരോഗ്യം, വൈദ്യുതി, പിആര്‍ഡി, പൊതുമരാമത്ത് വകുപ്പുതല യോഗവും ചേരും.